Skip to main content
📱 ഡിജിറ്റൽ ആരോഗ്യം 6 Min Read

മൊബൈൽ സ്ക്രോളിംഗിൽ നിന്ന് ചിന്തയിലേക്ക്: കുട്ടികളെ എങ്ങനെ ശരിയായ വഴിക്ക് നയിക്കാം?

Published: June 2026
📱

"ലക്ഷ്യം കുട്ടികളെ സ്ക്രീനിൽ നിന്ന് പൂർണ്ണമായി അകറ്റുക എന്നതല്ല, മറിച്ച് സ്ക്രോളിംഗിൽ നിന്ന് അവരെ ചിന്തയിലേക്ക് പതിയെ നയിക്കുകയാണ്."

ഇന്നത്തെ കുട്ടികളുടെ ബാല്യം മൊബൈൽ ഫോണുകളും ടാബ്‌ലറ്റുകളും സോഷ്യൽ മീഡിയയും ചുറ്റിപ്പറ്റിയുള്ള ഒരു ലോകത്താണ് വളരുന്നത്. പഠനത്തിനും അറിവിനുമായി ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ പലപ്പോഴും കുട്ടികളുടെ സമയം മുഴുവൻ പിടിച്ചടക്കുകയാണ്. കുറച്ച് സമയം മാത്രം ഉപയോഗിക്കാനായി എടുത്ത ഫോൺ മണിക്കൂറുകളോളം അവസാനമില്ലാത്ത സ്ക്രോളിംഗിലേക്ക് കുട്ടികളെ നയിക്കുമ്പോൾ, അവരുടെ ചിന്താശേഷിയെയും ഏകാഗ്രതയെയും അത് പതിയെ ബാധിക്കുന്നു. ആഴത്തിൽ ചിന്തിക്കാനും ഒരു കാര്യത്തിൽ കൂടുതൽ നേരം ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയാത്ത ഈ അവസ്ഥയെ ഇന്ന് പലരും “ബ്രെയിൻ റോട്” (Brain Rot) എന്ന് വിളിക്കുന്നു.

വേഗത്തിൽ മാറുന്ന വീഡിയോകളും നിരന്തരം ലഭിക്കുന്ന ഡിജിറ്റൽ ഉത്തേജനങ്ങളും കുട്ടികളുടെ മനസ്സിനെ അതിവേഗ ജീവിതശൈലിക്കാണ് പരിചയപ്പെടുത്തുന്നത്. അതിന്റെ ഫലമായി പഠനത്തിൽ ശ്രദ്ധ കുറയാം. സാധാരണ പഠനപ്രവർത്തനങ്ങൾ ബോറടിക്കുന്നതായി തോന്നാം. പുസ്തകങ്ങൾ വായിക്കാനുള്ള താൽപര്യം കുറയുകയും ക്ഷമയും സഹനവും കുറഞ്ഞുവരികയും ചെയ്യാം. ചില കുട്ടികളിൽ ഓർമ്മശക്തി കുറഞ്ഞതുപോലുള്ള പ്രശ്നങ്ങളും ഉറക്കക്കുറവും ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് മടുത്തുപോകുന്ന സ്വഭാവവും കാണാറുണ്ട്.

സാങ്കേതികവിദ്യ നമ്മുടെ ശത്രുവല്ല

പ്രശ്നം സാങ്കേതികവിദ്യയിലല്ല, അതിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗത്തിലാണ്. ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ അത് കുട്ടികളുടെ കഴിവുകൾ വളർത്തുന്ന ഒരു നല്ല ഉപാധിയാണ്. അതുകൊണ്ട് തന്നെ കുട്ടികളെ വിദ്യാഭ്യാസപരമായ വീഡിയോകൾ കാണാനും വായനാ ആപ്പുകൾ ഉപയോഗിക്കാനും ഭാഷയും സയൻസും വളർത്തുന്ന ഗെയിമുകളിലേക്ക് തിരിക്കാനും മാതാപിതാക്കൾ ശ്രമിക്കണം.

ചിത്രരചന, കഥാരചന, ഡിജിറ്റൽ ആർട്ട് പോലുള്ള സൃഷ്ടിപരമായ ഓൺലൈൻ പ്രവർത്തനങ്ങളിലേക്കുള്ള ശ്രദ്ധ കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കും. കുട്ടികളിൽ ചിന്താശേഷിയും ഭാവനയും വളരാൻ ചില ചെറിയ ശീലങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

മാറ്റങ്ങൾ സൃഷ്ടിക്കുന്ന നല്ല ശീലങ്ങൾ:

  • 📖 പുസ്തകവായന: കുട്ടികളുടെ കൽപ്പനയും ഭാവനയും ഭാഷാപാടവവും മെച്ചപ്പെടുത്തുന്നു.
  • ഔട്ട്ഡോർ ഗെയിമുകൾ: പുറത്തുപോയി കളിക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്തുന്നു.
  • 💬 കുടുംബ സംഭാഷണങ്ങൾ: ഒന്നിച്ച് ഇരുന്ന് സംസാരിക്കുന്നത് ആശയവിനിമയ ശേഷിയും ആത്മവിശ്വാസവും ഉയർത്തുന്നു.
  • 🎨 കലാപരമായ കഴിവുകൾ: ചിത്രരചന, സംగീതം, കഥപറയൽ, ക്രാഫ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉള്ളിലെ സൃഷ്ടിപരമായ ചിന്തയെ ഉണർത്തുന്നു.

"കുട്ടികൾ പല കാര്യങ്ങളും പഠിക്കുന്നത് അവർ കാണുന്ന ജീവിതരീതികളിൽ നിന്നാണ്. അതിനാൽ മാതാപിതാക്കൾ സ്വന്തം മൊബൈൽ ഉപയോഗത്തിലും ശ്രദ്ധ ചെലുത്തണം. വീട്ടിൽ ഒരു ആരോഗ്യകരമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ കുട്ടികളും അതിനെ പിന്തുടരാൻ പഠിക്കും."

ഒരു കുട്ടിയുടെ ഭാവി അവർ എത്ര സമയം സ്ക്രീനിൽ ചെലവഴിക്കുന്നു എന്നതുകൊണ്ടല്ല നിർണയിക്കപ്പെടുന്നത്; അവർ എത്ര ആഴത്തിൽ ചിന്തിക്കുന്നു, എത്ര സൃഷ്ടിപരമായി ലോകത്തെ കാണുന്നു എന്നതാണ് അതിനെ നിർണയിക്കുന്നത്.

ഡിജിറ്റൽ യുഗത്തിലാണ് നമ്മുടെ കുട്ടികൾ വളരുന്നത്. അത് മനസ്സിലാക്കി അവരെ ശരിയായ വഴിയിലേക്ക് കൈപിടിച്ചുനടത്തേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. അങ്ങനെ ചെയ്താൽ അവരുടെ ഭാവിയെ കൂടുതൽ മനോഹരവും ശക്തവുമാക്കാൻ നമുക്ക് സാധിക്കും.

👩‍🏫
തയ്യാറാക്കിയത് അധ്യാപിക : കൃഷ്ണജ എ

#DigitalParenting #ScreenTime #BrainRot #MalayalamBlogs